മാവേലിക്കര : ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര കുഭംഭരണി മഹോത്സവം മാര്‍ച്ച് 7ന് നടക്കും. കെട്ടുകാഴ്ചകളുടെ നിര്‍മ്മാണം ഇന്ന് രാവിലെ 11 മണി കഴിഞ്ഞുള്ള മുഹൂര്‍ത്തത്തില്‍ ആരംഭിക്കും. രാവിലെ കരനാഥന്‍മാര്‍ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കാണിക്ക സമര്‍പ്പിച്ച് പുണ്യാഹം വാങ്ങി തിരികെ കരകളില്‍ എത്തി കെട്ടൊരുക്ക് ഉരുപ്പടികള്‍ പുറത്തെടുത്ത് തീര്‍ത്ഥം തളിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം ശിവരാത്രി നാള്‍ തുടങ്ങി 7ാം ദിവസമാണ് കുംഭഭരണി മഹോത്സവം. ഇന്ന് മുതല്‍ കുതിരമൂട്ടില്‍ കഞ്ഞി വിതരണം തുടങ്ങും. ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. രാവിലെ ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകാര്‍ നേര്‍ച്ചക്കുട്ടികളെ ദത്തെടുക്കും. തുടര്‍ന്ന് വഴിപാടുകാരനും കുത്തിയോട്ട ആചാര്യനും ചേര്‍ന്ന് കുതിരച്ചുവട്ടില്‍ വെറ്റിലയും പുകയിലും അടയ്ക്കയും നാണയവും ദക്ഷിണയായി സമര്‍പ്പിച്ച് കരക്കാരെ കുത്തിയോട്ടത്തിന് ക്ഷണിക്കും.
കുത്തിയോട്ട വീടുകളില്‍ ഇന്ന് സന്ധ്യക്ക് വിളക്കുവെയ്പ്പ് ചടങ്ങ് നടക്കും. ഇതോടെ ഈ വര്‍ഷത്തെ കുത്തിയോട്ട ചുവടുകള്‍ക്ക് തുടക്കം കുറിക്കും. രേവതിനാളായ 5 വരെ കുത്തിയോട്ട ചുവടുകള്‍ നടക്കും. ഭരണി നാളില്‍ പുലര്‍ച്ചെ പൂജകള്‍ക്ക് ശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി കുത്തിയോട്ടം ദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവും. ഈ വര്‍ഷം 8 കുത്തിയോട്ടങ്ങളാണ് ഉള്ളത്. ചെട്ടികുളങ്ങര കരകളില്‍ അഞ്ച് കുത്തിയോട്ടങ്ങളും കരക്ക് പുറത്ത് മൂന്ന് കുത്തിയോട്ടങ്ങളുമാണ് ഉള്ളത്. ഇടപ്പോണില്‍ നിന്നാണ് ദൂരെ നിന്നുള്ള കുത്തിയോട്ടം. മൂന്നാംകുറ്റിയില്‍ നിന്നും കണ്ടിയൂരില്‍ നിന്നുമുള്ള കുത്തിയോട്ടങ്ങളാണ് കരകളുടെ പുറത്തുനിന്നുള്ള മറ്റ് കുത്തിയോട്ടങ്ങള്‍.





























