കൊടുമൺ : പുറമ്പോക്ക് കൈയേറിയെന്ന പരാതിയെ തുടർന്ന് കൊടുമണ്‍ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് നിൽക്കുന്ന സ്ഥലം അളന്ന് കല്ലിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കൊടുമണ്ണിൽ കോൺഗ്രസ് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്ത് റവന്യുവകുപ്പ് കല്ലിട്ടതിനെതുടർന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റവന്യു, പഞ്ചായത്ത് അധിക്യതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്ലിട്ടത്. കൊടുമണ്ണിൽ സ്റ്റേഡിയത്തിന് എതിർ വശത്ത് മന്ത്രി വീണാജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്റ് മാറ്റിയതിനെ തുടർന്ന് കോൺഗ്രസ് അഞ്ച് മാസം മുമ്പ് പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
ഇതേതുടർന്ന് ജോർജ് ജോസഫ് കോൺഗ്രസ് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്ത് പുറമ്പോക്ക് കൈയേറ്റം നടന്നതായി കാണിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം റവന്യു വിഭാഗം നേത്യത്വത്തിൽ അടുത്തിടെ റോഡ് പുറമ്പോക്ക് അളന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിെൻറ പുറകുവശത്ത് കെട്ടിടത്തിന്റെ ഉൾവശംവരുന്ന വിധമാണ് കഴിഞ്ഞ ആഴ്ച അളന്ന് കല്ലിട്ടത്. പരാതി നൽകിയിട്ടും കലക്ടറോ റവന്യു അധിക്യതരോ ഹിയറിങ്ങിന് വിളിക്കാതെയാണ് കല്ലിട്ടതെന്ന കോൺഗ്രസ് പ്രവർത്തകരുടെ പരാതിയും നിലനിൽക്കുന്നു. റീസർവെയിലെ അപകതകളും പരിഹരിച്ചിട്ടില്ല.