കോഴഞ്ചേരി : 26 നാള്‍ മുന്‍പ് കുംഭ കാര്‍ത്തികയ്‌ക്ക് ചൂട്ടുവെച്ച പടേനി പരിശീലനത്തിനുശേഷം കളത്തില്‍ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞു. പടയണിക്ക് തുടക്കംകുറിച്ച് തപ്പ്‌മേളം ആരംഭിച്ചശേഷം കാണിക്കവഞ്ചി പടിക്കല്‍നിന്നു കോലങ്ങളുടെ എടുത്തുവരവ് ഘോഷയാത്ര നടന്നു. ചൂട്ട് കറ്റകള്‍, മുത്തുക്കുടകള്‍, മേളം എന്നിവയോടെയാണ് ഘോഷയാത്ര നടന്നത്. കളത്തിലെത്തി കാപ്പൊലിക്കുശേഷം കോലങ്ങള്‍ ഓരോന്നായി കളത്തില്‍ തുള്ളിയൊഴിയുകയായിരുന്നു. ഗണപതി, മാടന്‍, മറുത, പക്ഷി എന്നിവ ലാസ്യനടനമാര്‍ന്ന ചുവടുമായി കളത്തില്‍ നിറയും. സുന്ദരയക്ഷി, മായയക്ഷി, അരക്കിയക്ഷി, കോലങ്ങളുടെ രാജാവായ കാലന്‍കോലം, ഭൈരവി കോലം എന്നിവ കൂടാതെ കിടങ്ങന്നുരില്‍ മാത്രം കാണപ്പെടുന്ന അയലി യക്ഷി, കരിംകാലന്‍ എന്നീ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞ് കളം വിട്ടതോടെ വലിയ പടേനിക്ക് സമാപനമായി.
ഇന്ന് പ്രസിദ്ധമായ പള്ളിവിളക്ക് എഴുന്നെള്ളിപ്പ്. ശേഷം കാലന്‍ കോലവും ഭൈരവിയും തുള്ളിയൊഴിയുന്നതോടെ ഈ വര്‍ഷത്തെ പടേനി സമാപിക്കും. വടക്കന്‍ ശൈലിയിലുളള പടയണി ശൈലികളുടെ അവസാന വാക്കായാണ് കിടങ്ങന്നൂര്‍ പളളിമുക്കത്ത് കാവ് ദേവീക്ഷേത്രത്തില്‍ പടയണി അറിയപ്പെടുന്നത്. പടയണിയിലെ എല്ലാ താളഘോഷങ്ങളും നാദഭേദങ്ങളും ത്രസിപ്പിക്കുന്ന ചുവടുകളും ഇഴുകിച്ചേര്‍ന്ന പടേനി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് പളളിമുക്കത്ത് കാവ് ദേവീക്ഷേത്രം. കേരളത്തിലെ മിക്ക കളരികളിലും തെക്കന്‍ശൈലി പിന്തുടരുന്നു. എങ്കിലും വടക്കന്‍ ശൈലിയുടെ ചൊല്ലുകളും ചുവടുകളും അണുവിട തെറ്റാതെ പള്ളിമുക്കത്ത് ആചരിച്ചു പോരുന്നു. ആദിമകാലത്തെ അനുസ്‌മരിപ്പിക്കുംവിധം കുംഭ മാസത്തിലെ കാര്‍ത്തിക നാളില്‍ ചൂട്ടുവെപ്പ് നടത്തുകയും മീനമാസത്തിലെ അശ്വതി നാളില്‍ വലിയ പടേനിയോടു കൂടി സമാപിക്കുകയും ചെയ്യും.