കോന്നി : കോന്നിയുടെ മലയോര മേഖലയിൽ കോലിഞ്ചിയുടെ വിളവെടുപ്പ് കാലമായി. തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, കൊക്കാത്തോട് തുടങ്ങിയ കോന്നിയുടെ മലയോര മേഖലയിൽ നിരവധി കോലിഞ്ചി കർഷകരാണ് ഉള്ളത്.
പാകമായ കോലിഞ്ചി കിളച്ച് ഉണക്കി വിൽക്കുന്ന തിരക്കിലാണ് കർഷകർ. മഴ ആരംഭിച്ച് ജൂൺ, ജൂലായ് മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്. ഫെബ്രുവരി, മാർച്ച് മാസത്തിലാണ് കോലിഞ്ചിയുടെ വിളവെടുപ്പ് കാലമായി കണക്കാക്കുന്നത്. കൃഷി ചെയ്ത് മൂന്നാം വർഷമാണ് കോലിഞ്ചി വിളവെടുത്ത് തുടങ്ങുന്നത്. കോലിഞ്ചി കൃഷി ചെയ്യുവാൻ ചിലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലിൽ ഉണക്കി എടുത്ത് പാകപ്പെടുത്തി വിൽപ്പനക്ക് എത്തിക്കുമ്പോൾ ചിലവ് ഏറെയാണ്. വേര് ചെത്തി പുറംതൊലിയും വേരുകളും നീക്കം ചെയ്തതിന് ശേഷമാണ് വിൽപ്പനക്ക് ഒരുക്കുന്നത്. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നല്ല ചൂടുള്ള വെയിലിൽ ഉണക്കണം.
ഇപ്പോൾ പതിനൊന്ന് കിലോക്ക് ആയിരം രൂപയോളം വില ലഭിക്കുന്നതായും കർഷകർ പറയുന്നു. മലയോര ഗ്രാമങ്ങളിൽ വന മേഖലയോട് ചേർന്ന പാറപുറങ്ങളിലും നല്ല വെയിൽ ലഭിക്കുന്ന വഴി അരികിലും ഒക്കെയാണ് കർഷകർ കോലിഞ്ചി ഉണക്കുവാൻ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യ മൃഗങ്ങളുടെയും ആക്രമണവും കോലിഞ്ചിക്ക് ഉണ്ടാകാറില്ല. ഒരു മീറ്റർ അകലത്തിൽ കുഴികൾ എടുത്താണ് വിത്തുകൾ നടുന്നത്. ഏഴ് അടിവരെ പൊക്കം വെക്കുകയും വേഗത്തിൽ പടരുകയും ചെയ്യുന്ന ഇഞ്ചിയുടെ വർഗ്ഗത്തിൽ പെട്ട ചെടിയാണ് കോലിഞ്ചി. മലഞ്ചരക്ക് വിഭാഗത്തിൽ പെട്ട കോലിഞ്ചി ഉണക്കിയാണ് വിറ്റഴിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും ഇതിന് നല്ല വില ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കർഷകർക്ക് സബ്‌സിഡി നൽകുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഔഷധ നിർമ്മാണത്തിനും സുഗന്ധ തൈല നിർമ്മാണത്തിനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.