കൊല്‍ക്കത്ത: യുവാവിനും വനിതാ സുഹൃത്തിനും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. കൊല്‍ക്കത്തിയിലെ ബിജെപി നേതാവായ അനുപം ഹസ്രയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായ അനുപം പബ്ബില്‍ വച്ച് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി. സുരേഷ് റോയ് എന്നയാളാണ് അനുപം ഹസ്രയ്ക്കെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ വനിതാ സുഹൃത്തിനൊപ്പം പബ്ബില്‍ പോയപ്പോഴാണ് നേതാവിനെ കണ്ടതെന്നും പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും റോയിയുടെ പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ നേതാവിനൊപ്പം സെല്‍ഫി എടുത്തതിനു പിന്നാലെ അദ്ദേഹം തങ്ങള്‍ക്കരികിലെത്തി കാരണം ചോദിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. പിന്നീട് മോശമായ വാക്കുകള്‍ ഉപയോഗിച്ച അനുപം തന്റെ മുഖത്തടിച്ചെന്നും റോയ് പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ശല്യം ചെയ്ത അനുപം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല വലിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. പബ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പബ്ബ് മാനേജരുടെയും ആ സമയത്ത് അവിടെയുണ്ടായവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.