കൊല്ലം: ജില്ല ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. മോര്‍ച്ചറി അറ്റന്‍ഡറിന്റെ അശ്രദ്ധയാണ് മൃതദേഹം മാറുന്നതിന് കാരണമായതെന്നാണ് ആരോഗ്യ മന്ത്രിക്ക് ഡി.എം.ഒ ഡോ. ആര്‍. ശ്രീലത നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
രേഖകള്‍ പരിശോധിക്കുന്നതില്‍ അശ്രദ്ധയുണ്ടായി. രണ്ട് മൃതദേഹങ്ങളും കോവിഡ് പോസിറ്റീവ് ആയതിനാലാകും പരസ്പരം മാറിപ്പോയതെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് പാല്‍കുളങ്ങര 16ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് കിളികൊല്ലൂര്‍ കന്നിമേല്‍ചേരി കണിയാംപറമ്പില്‍ ശ്രീനിവാസന്‍(75), കൊല്ലം കോര്‍പ്പറേഷന്‍ റിട്ട.ജീവനക്കാരന്‍ കച്ചേരി വാര്‍ഡ് പൂന്തലില്‍ സുകുമാരന്‍ (75) എന്നിവരുടെ മൃതദേഹങ്ങളാണ് പരസ്പരം മാറി നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നല്‍കിയ പരാതിയിലാണ് ആരോഗ്യമന്ത്രി ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടിയത്.