കൊല്ലം: കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവജാഗ്രതയില്‍ കൊല്ലം ജില്ലാ ഭരണകൂടം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹാര്‍ബറുകളുടെയും മത്സ്യലേല ഹാളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബറുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലവത്താകാത്തത് സംബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതയുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള പ്രദേശങ്ങളിലും അതീവ ജാഗ്രത സ്വീകരിക്കണം.