എരുമേലി : കൊല്ലമുള ലിറ്റിൽഫ്ളവർ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന് സോഷ്യലി റെസ്പോൺസീബിള്‍ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധത മാനദണ്ഡമാക്കി നീതി ആയോഗ് തെരെഞ്ഞെടുത്ത കേരളത്തിലെ എട്ട് സ്ഥാപനങ്ങളിൽ ഒന്നാണ് കൊല്ലമുള ലിറ്റില്‍ ഫ്ളവർ സ്കൂൾ. ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് നൽകിവരുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും സ്കൂളിനുവേണ്ടി ഫാ. ടോം താന്നിയിൽ അവാർഡ് ഏറ്റുവാങ്ങി.
രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന വിദഗ്ധോപദേശക സമിതിയാണ് നീതി ആയോഗ് . മുൻ സർക്കാരുകളുടെ കാലത്ത് ആസൂത്രണ കമ്മീഷൻ ആണ് നീതി ആയോഗിന്റെ സ്ഥാനത്ത് പ്രവർത്തിച്ചു വന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പരേതനായ ആന്റണി താന്നിക്കൽ അച്ഛൻ രൂപം കൊടുത്ത ഈ സ്കൂൾ കാലക്രമേണ ക്ലാരീഷൻ സഭ ഏറ്റെടുക്കുകയായിരുന്നു. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ കിഴക്കൻ മലയോര മേഖലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്.
റെവ.ഫാ. സോജി ചെറുശ്ശേരിൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ. റെവ.ഫാ.മാത്യു മേച്ചിറക്കൽ മാനേജരും റെവ. ഫാ. ജോയ്‌സ് ആറ്റുചാലിൽ അഡ്മിനിസ്ട്രേറ്ററുമാണ്