മല്ലപ്പള്ളി : മണിമലയാറ്റിലെ കുത്തൊഴുക്കില്‍ വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി. മല്ലപ്പള്ളി – വെണ്ണിക്കുളം മേഖലകളെ ബന്ധിപ്പിക്കുന്നതാണ് കോമളം പാലം. പാലത്തില്‍ മരത്തടികള്‍ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. തുരുത്തിക്കാട് കോളെജിലേക്ക് പോകുന്നതിനും ഈ വഴിയാണ് ഉപയോഗിക്കുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ പാലം.
വെള്ളം മൂടിക്കിടന്നിരുന്നതിനാല്‍ അപ്രോച്ച് റോഡ് ഒഴുകിപ്പോയതും തീരം ഇടിഞ്ഞതും ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ഏഴു മണിയോടെ പാലത്തില്‍ നിന്നും വെള്ളം ഇറങ്ങിയതോടെയാണ് അപകടത്തിന്റെ രൂക്ഷത ജനങ്ങള്‍ അറിഞ്ഞത്. വിവരം അറിഞ്ഞ ഉടനെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പാലത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു. തുടര്‍ന്ന് കെ.എസ്.ടി.പി അധികൃതരും സ്ഥലത്തെത്തി. പാലത്തില്‍ തടഞ്ഞിരിക്കുന്ന മുളങ്കൂട്ടങ്ങളും തടികളും നീക്കുവാന്‍ ജെ.സി.ബിയും ഇലക്ട്രിക് കട്ടറുമായി തൊഴിലാളികളും എത്തി. ഇതിനിടയില്‍ത്തന്നെ തീരത്ത് നിന്ന വലിയ മുളങ്കൂട്ടവും അതിനുപിന്നാലെ ഒരു മഹാഗണി മരവും കടപുഴകി വീണു. ഇതും ഒഴുകിപ്പോകാതെ പാലത്തിനോട് ചേര്‍ന്നുകിടന്നു. തിരുവല്ല എം.എല്‍.എ മാത്യു ടി.തോമസും സംഭവസ്ഥലം സന്ദര്‍ശിച്ചു.
വീഡിയോ കാണാം