കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഗുരുതരമായ അനാസ്ഥ. കല്ലാറിലെ അപകടകരമായ കയത്തിലൂടെ വഞ്ചി തുഴഞ്ഞത് യാത്രക്കാരിയായ യുവതി. കുട്ടവഞ്ചിയില്‍ യാത്രക്കാരായി മറ്റ് രണ്ടു യുവതികളും. എല്ലാം കണ്ടുകൊണ്ട് കുട്ടവഞ്ചി തുഴയാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള തുഴച്ചില്‍ക്കാരനും വഞ്ചിയില്‍. അപകടം ഒഴിവായത് ഭാഗ്യംകൊണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍നിന്നും ഇവര്‍ സവാരി നടത്തിയത്. മുണ്ടോംമൂഴി പാലത്തിന്റെ താഴെ എത്തിയപ്പോഴാണ് തുഴച്ചില്‍ക്കാരന്‍ കുട്ടവഞ്ചിയുടെ നിയന്ത്രണം യാത്രക്കാരിയായ യുവതിയെ ഏല്‍പ്പിച്ചത്. ഈ ഭാഗത്ത് ഒഴുക്കും കൂടാതെ കയങ്ങളുമുണ്ട്. ഭാഗ്യംകൊണ്ടു മാത്രമാണ് അപകടം ഉണ്ടാകാതിരുന്നത്.
അപകടസാധ്യതയേറിയ കല്ലാറിലൂടെ യാത്രക്കാർ കുട്ടവഞ്ചി തുഴയുന്നത് ഇവിടെ പതിവാണെന്ന് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇത് കണ്ണടക്കുകയാണ്. അതുകൊണ്ടുതന്നെ നടപടി സ്വീകരിക്കുവാൻ ആരും തയ്യാറാകുന്നില്ല. വളരെ സാഹസികതയേറിയ കുട്ടവഞ്ചി യാത്രയില്‍ വഞ്ചി തുഴയുന്നത് വിദഗ്ധ പരിശീലനം നേടിയ തുഴച്ചില്‍ക്കാരാണ്. ഒരു വഞ്ചിയില്‍ പരമാവധി നാല് യാത്രക്കാരും ഒരു തുഴച്ചില്‍ക്കാരനും ഉണ്ടാകും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ യാത്രയും നടത്തേണ്ടത്. ലൈഫ് ജാക്കറ്റ് ധരിക്കാതെ ആരെയും യാത്ര ചെയ്യുവാന്‍ അനുവദിക്കാറില്ല.
എന്നാൽ ഇതെല്ലാം വ്യക്തമായി അറിയാവുന്ന തുഴച്ചിൽക്കാർ തന്നെയാണ് ഗുരുതരമായ ഈ കൃത്യവിലോപം കാണിച്ചിരിക്കുന്നത്. കല്ലാറ്റിൽ പൊതുവേ ഇപ്പോള്‍ വെള്ളം കുറവാണെങ്കിലും അപകടകരമായ നിരവധി കയങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. വനംവകുപ്പ് തുഴച്ചിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നുണ്ടെങ്കിലും ഇതിന് പുറമേ വിനോദ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന ചെറിയ ടിപ്പുകൾ പ്രതീക്ഷിച്ചാണ് ഇത്തരം സാഹസങ്ങൾക്ക് മുതിരുന്നതെന്നും ആക്ഷേപമുണ്ട്.