പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായി ഇന്നു നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗം ജിജി സജി കൂറുമാറി വോട്ട് ചെയ്തത് സി.പി.എം ജില്ലാ നേതൃത്വവും കോന്നി എം.എല്‍.എ യും നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമായാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
എം.എല്‍.എ യുടെ അധികാര ദുര്‍വിനിയോഗവും സി.പി.എം പിന്‍തുടരുന്ന അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ പ്രതിഫലനവുമാണ് കോന്നിയില്‍ ഇന്ന് നടന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച ജിജി സജിയെ കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ബാബു ജോര്‍ജ്ജ് അറിയിച്ചു. ജിജി സജിയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ കുതിരകച്ചവടത്തിലൂടെയാണ് സി.പി.എം പല പഞ്ചായത്തുകളിലും ഭരണം നടത്തുന്നത്. സി.പി.എം സഹകരണ സംഘങ്ങളാണ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്. കൂറുമാറി നേടിയ വിജയത്തിന് സി.പി.എം വലിയ വില നല്‍കേണ്ടിരുമെന്ന് അദ്ദേഹം പറഞ്ഞു.