കോന്നി: കോന്നി അനത്താവളത്തിലെ പിഞ്ചു എന്ന ആനകുട്ടിയുടെ കാലിൽ നീര് മൂർച്ചിച്ചതിനെ തുടർന്ന് ആരോഗ്യ സ്ഥിതി വീണ്ടും വഷളായി. ഹെർപ്പിസ് വൈറസിനെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന ആനകുട്ടിയാണ് പിഞ്ചു.
സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ അധികമാണ് പിഞ്ചുവിന്. ഇത് മൂലം നടക്കുമ്പോൾ ഉണ്ടാകുന്ന വേദനയാണ് ഇടതുകാലിന് കടുത്ത വേദനയും നീരും ഉണ്ടാക്കിയത്. ഇടതുകാലിന് വേദന അധികമായതോടെ വലുതുകാൽ മാത്രം നിലത്തുറപ്പിച്ചത് മൂലം വലത് കാലിലേക്കും നീര് ബാധിക്കുകയായിരുന്നു. ക്ഷീണാവസ്ഥ കാരണം എട്ട് ആഴ്ച്ചയോളമായി ആന ഉറങ്ങിയിട്ടെന്നും അധികൃതർ പറഞ്ഞു. മുൻപ് അപകടാവസ്ഥ വനംവകുപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഡോക്ട് ഡോക്ടർ ഈശ്വർ, ഡോ അജിത് പി എന്നിവരുൾപ്പെടുന്ന സംഘമാണ് കോന്നി ആനത്താവളത്തിലെത്തി പിഞ്ചുവിനെ പരിശോധിച്ചത്. ടെലി വെറ്റിനറി യൂണിറ്റ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. മൂന്നരവയസുകാരനായ പിഞ്ചു 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് ലഭിച്ചത്. 2017ൽ പിഞ്ചുവിന് ഹെർപിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് ആനകുട്ടി രക്ഷപെടുകയുമായിരുന്നു.