ചെങ്ങന്നൂർ: മണ്ഡലകാല ശബരിമല തീർത്ഥാടന കാലയളവിൽ റെക്കോർഡ് കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോ . 3.51 കോടി രൂപയാണ് ഇക്കുറി കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് കൂടുതലാണിത്. മകരവിളക്കുകൂടി കഴിയുന്നതോടെ വരുമാനം ഇനിയും ഉയരും.
പമ്പാ ഡിപ്പോയാണ് സംസ്ഥാനത്ത് വരുമാനത്തിൽ മുന്നിൽ. മൂന്നാം സ്ഥാനം കോട്ടയം ഡിപ്പോയ്ക്കാണ്. നവംബർ 14 മുതൽ ഡിസംബർ 27 വരെ ചെങ്ങന്നൂരിൽ നിന്ന് നടത്തിയ പമ്പാ സർവീസിൽ നിന്നാണ് ഇത്രയും വരുമാനം നേടിയത്. ചെങ്ങന്നൂരിൽ നിന്ന് മാത്രം 2583 സർവ്വീസുകളാണ് ഇക്കാലയളവിൽ നടത്തിയത് . മറ്റ് ഡിപ്പോകളിൽ നിന്ന് 735 സർവീസും നടത്തി. കിലോമീറ്ററിന് 20 രുപ മിനിമം ലഭിച്ചാൽ സർവ്വീസ് ലാഭത്തിലാണെന്നാണ് കെ.എസ്. ആർ.ടി.സിയുടെ കണക്ക്. എന്നാൽ പമ്പാ സർവ്വീസിലൂടെ കിലോമീറ്ററിന് 70 രുപ എന്ന തരത്തിൽ ലഭിച്ചു. ശരാശരി 13,597 രൂപയാണ് കളക്ഷൻ ലഭിച്ചത്. മകരവിളക്ക് സർവീസ് കൂടി ചേർത്താണ് എല്ലാ കൊല്ലത്തെയും പമ്പാ സർവ്വീസിന്റെ വരുമാനം കണക്കാക്കുന്നത്. ക്ലോസിംഗ് ആകുമ്പോൾ വരുമാനം ഇനിയും വർധിക്കുമെന്ന് ഡി.ടി.ഒ ജേക്കബ് മാത്യു പറഞ്ഞു .