കോന്നി : കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ. ചുവട് ഉറപ്പിക്കാതെ ഇളകിയാടുന്ന വൈദ്യുത പോസ്റ്റുകളിൽ ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയാണ് ഇവര്‍ മഴയത്തും വെയിലത്തും പണി ചെയ്യുന്നത്. ഇവരെ പണിക്ക് നിയോഗിച്ച മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ കരാറുകാരന് ഇതൊന്നും സാരമില്ലെന്ന നിലപാടാണ്.
ഏതാനും നാളുകള്‍ക്ക് മുമ്പാണ് കൊക്കാത്തോട് പാലത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിന് മുകളിൽ നിന്ന് ഒരു തൊഴിലാളി ഷോക്കേറ്റ് താഴെ വീണത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ കരാറുകാരന്‍ തന്നെയായിരുന്നു അവിടെയും പണി ഏറ്റെടുത്തിരുന്നത്. ദിവസക്കൂലിക്കാണ് തൊഴിലാളികള്‍ പണിചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഇത്ര സാഹസികമായി ഇവര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നത്. ട്രാൻസ് ഫോർമറുകളിൽ പോലും ഇത്തരത്തിൽ കരാർ തൊഴിലാളികളെ അപകടകരമായ നിലയിൽ ജോലി ചെയ്യിക്കുന്നുണ്ടെന്നും വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍തന്നെ പറയുന്നു. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും ഇവരും കണ്ണടച്ചിരിക്കുകയാണ്.