കോന്നി : കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷനില്‍ സ്വകാര്യ ബസുകള്‍ കയറ്റി തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. പുനലൂര്‍- മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വെട്ടൂര്‍ – കുമ്പഴ വഴിയാണ് പത്തനംതിട്ടക്ക് തിരിച്ചുവിടുന്നത്. ഇതിനാല്‍ കോന്നി പോലീസ് സ്റ്റേഷന് റോഡില്‍ വലിയ തിരക്കാണ്. കോന്നി-പുനലൂര്‍ റൂട്ടിലും കോന്നി-തണ്ണിത്തോട് റോഡിലും സഞ്ചരിക്കുന്ന ബസുകള്‍ കോന്നി കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷനില്‍ കയറ്റിയാണ് തിരിക്കുന്നത്.
ബസുകള്‍ വേഗത്തില്‍ തിരിക്കുന്നതുമൂലം പിന്നിലേക്ക് എടുക്കുന്ന ബസുകള്‍ മറ്റ് വാഹനങ്ങളില്‍ തട്ടുന്നതും പതിവായി മാറി. മാത്രമല്ല കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷനില്‍ ബസുകള്‍ തിരിയുന്ന സ്ഥലങ്ങളില്‍ ബസുകളുടെ യന്ത്രഭാഗങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്നതിനാല്‍ ബസുകള്‍ക്ക് തിരിയുന്നതിനും അസൗകര്യമുണ്ട്.
ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ പ്രവേശന കവാടത്തില്കൂടി തിരിഞ്ഞ് പുനലൂര്‍-പത്തനംതിട്ട ഭാഗത്തേക്ക് ബസുകള്‍ക്ക് തിരിഞ്ഞുപോകാന്‍ സാധിക്കും. എന്നാല്‍ കെ.എസ്.ആര്.ടി.സി കോന്നി ഡിപ്പോ അധികൃതര്‍ പ്രവേശന കവാടം ബസുകളുടെ വീല്‍ ഡിസ്കുകള്‍ നിരത്തിവെച്ചും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തും വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ്.