കോന്നി : അപര്യാപ്തതകൾക്ക് നടുവിൽ ആണ് കോന്നി സർക്കാർ മെഡിക്കൽ കോളേജ്. ഉമ്മൻചാണ്ടി മന്തി സഭയുടെ കാലത്ത് അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ നിർമ്മാണം ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നിട്ടും ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പ്രാഥമിക ചികിത്സ പോലും ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന് അംഗീകാരവും ഇല്ല. യു ഡി എഫ് സർക്കാർ ആണ് പദ്ധതിക്കായി കോന്നി നെടുമ്പാറയിൽ സ്ഥലം കണ്ടെത്തി നാബാർഡിൽ നിന്നും പണം അനുവദിപ്പിച്ചത്. എന്നാൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മെഡിക്കൽ കോളേജിന്റെ പിതൃത്വം ഏറ്റെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ 2020 സെപ്റ്റംബർ മാസത്തിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു.
2020 ഫെബ്രുവരി 10നാണ് ആരോഗ്യമന്ത്രി ആയിരുന്ന കെ കെ ശൈലജ ടീച്ചർ കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ നാളിതുവരെ ഒരാളെ പോലും കിടത്തി ചികിൽസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഒക്ടോബർ മാസത്തിൽ മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസനത്തിന് 241.01 കോടി രൂപ അനുവദിച്ചു. ഈ തുക കൊണ്ട് വികസന പെരുമഴ പെയ്യിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി. ഈ സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളേജിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി സൗകര്യം നടപ്പാക്കുമെന്ന പ്രഖ്യാപിച്ചു ആരോഗ്യ മന്ത്രി വീണ ജോർജ് രംഗത്ത് വന്നു. എന്നാൽ പ്രഖ്യാപനങ്ങൾ അല്ലാതെ ഒരു വികസന പ്രവർത്തനങ്ങളും കോന്നി മെഡിക്കൽ കോളേജിൽ നടക്കുന്നില്ലെന്നും ജനങ്ങളിൽ നിന്ന് ആക്ഷേപം ഉയരുന്നു.