കോന്നി: നൂറ്റാണ്ടിന്റെ പഴക്കമുള്ള കോന്നി നാരായണപുരം മാർക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ നടപടി ഉണ്ടാകണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വ്യാപാരി-വ്യവസായി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് മാർക്കറ്റിന്റെ പ്രവർത്തനം എം.എൽ.എ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
ഇപ്പോൾ കോന്നി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് നാരായണപുരം മാർക്കറ്റ് പ്രവർത്തിക്കുന്നത്. മലയോര മേഖലയുടെ കേന്ദ്രമായ കോന്നിയിൽ നാരായണപുരം മാർക്കറ്റ് തലയെടുപ്പോടെ നിലകൊണ്ടതാണ്. കന്നുകാലി ചന്തയും വാഴക്കുല ചന്തയും ഉൾപ്പടെ നടന്നിരുന്ന വലിയ കച്ചവടകേന്ദ്രമായിരുന്നു. കാലക്രമത്തിൽ കന്നുകാലി വ്യാപാരം നിലച്ചു. വാഴക്കുല വ്യാപാരവും നിലച്ചുകഴിഞ്ഞു.
അശാസ്ത്രീയമായ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് മാർക്കറ്റ് സന്ദർശനത്തിനിടെ കാണാൻ കഴിഞ്ഞതെന്ന് എം.എല്‍.എ പറഞ്ഞു. വ്യാപാരത്തിന് മതിയായ സൗകര്യമില്ല. ശുചിമുറികൾ പോലും പൂട്ടിയിട്ട നിലയിലും വൃത്തിഹീനവുമായ അവസ്ഥയിലാണ്. ആധുനിക മത്സ്യ മാർക്കറ്റ് എന്ന പേരിൽ നിർമ്മാണം നടന്നിട്ടുണ്ട് എങ്കിലും ശാസ്ത്രീയമല്ല. പച്ചക്കറി-മത്സ്യ-മാംസ വ്യാപാരം ശാസ്ത്രീയമായി നടത്താൻ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടത്തേണ്ടതാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.
മെയിൻ റോഡിനോടു ചേർന്നുള്ള ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടം ദുർബലമായതിനാൽ അടിയന്തിരമായി പൊളിച്ചു മാറ്റേണ്ടതുണ്ട്. കാലിച്ചന്തയും വാഴക്കുല ചന്തയും പു:നരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കണം. മാലിന്യ സംസ്കരണത്തിന് കൂടുതൽ ശാസ്ത്രീയ സൗകര്യം ഒരുക്കണം. ക്ലീൻ കേരള മിഷനുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ രൂപീകരിക്കണം. മാലിന്യം കമ്പോസ്റ്റാക്കുന്നതിനടക്കം തീരുമാനം ഉണ്ടാകേണ്ടതുണ്ട്. മാർക്കറ്റിലെത്തുന്നവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ശുചിമുറി സൗകര്യം ഉണ്ടാക്കണം. കോന്നി നാരായണപുരം മാർക്കറ്റിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിക്കൊപ്പം നിന്ന് എല്ലാ സഹായവും നല്കുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്യാംലാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗദാമിനി, തുളസിമോഹൻ, എം.ഒ. ലൈല, സി.പി.എം.നേതാക്കളായ ടി.രാജേഷ് കുമാർ, കെ.ജി.ഉദയകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് സന്തോഷ് തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.