കോന്നി: സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാതെ കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം. എഴുപത്തിയഞ്ച് വർഷത്തിലധികമായി കൂടലിൽ പ്രവർത്തിക്കുന്ന സർക്കാർ വക ആതുരാലയത്തിന് ഭൂമിയില്ലായെന്നൂള്ളത് അധികൃതർ അറിയുന്നത് ഇപ്പോഴാണ്.
നിലവിലെ ആശുപത്രി കെട്ടിടം ഉൾപ്പെടുന്ന സ്ഥലവും മറ്റും സർക്കാർ രേഖകൾ പ്രകാരം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ്. പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലം മുതൽ പ്രവർത്തിച്ചിരുന്ന കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ചിന്നീട് പത്തനംതിട്ട ജില്ല രൂപീകൃതമായ ശേഷം താലൂക്ക് പുനർ നിർണയം വന്നിട്ടും രേഖകൾ മാറ്റി ആരോഗ്യ വകുപ്പ് അധികാരികളുടെ പേരിലേക്ക് മാറ്റാൻ തയ്യാറാകാത്തതാണ് ഇപ്പോൾ ഊരാക്കുടുക്കിലായിരിക്കുന്നത്. ഇപ്പോൾ കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും അൻപത് ലക്ഷം രൂപയും കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ കെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി മറ്റു നടപടിക്രമങ്ങൾ പുരോഗമിച്ചു വരുമ്പോഴാണ് പഞ്ചായത്തിൽ ആശുപത്രിക്ക് ഭൂമിയില്ലായെന്നുള്ള വിവരം അധികൃതർ അറിയുന്നത്. ഇതോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും അവതാളത്തിലായി.
കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതോളം വാർഡുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം. എഴുപത്തിയഞ്ച് വർഷത്തിലധികം പഴക്കമുള്ള ആശുപത്രി കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഈ ദയനീയസ്ഥിതി മാറ്റാന്‍ പുതിയ കെട്ടിടം നിർമ്മിയ്ക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയപ്പോഴാണ് നൂലാമാലകൾ ശ്രദ്ധയിൽപ്പെട്ടത്. നിലവിലെ നിയമ പ്രശ്നം പരിഹരിക്കാൻ എം.എൽ.എയുടെയും കളക്ടറുടേയും ഇടപെടൽ ഉണ്ടായിട്ടുണ്ട്.