കോന്നി : മലയോരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ കോന്നി നാരായണപുരം ചന്തക്ക് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഉറപ്പിച്ച ഒരു കരാറിന്റെ കഥയും അതിന് ഇടയാക്കിയ ഒരു മനുഷ്യന്റെ കഥയും പറയുവാനുണ്ട്. പണോപകാരി നാരായണന്റെ പണോപകാരമായാണ് കോന്നി നാരായണപുരം ചന്ത പിറവിയെടുത്ത്. പണോപകാരി നാരായണൻ എന്ന് അറിയപ്പെടുന്ന അവിവാഹിതനായ കോന്നി മുഞ്ഞിനാട്ട് നാരായണൻ തന്റെ പേരിലുള്ള ഒരേക്കർ ഇരുപത്തിനാല് സെന്റ് സ്ഥലം പരോപകാരം ലക്ഷ്യമാക്കി ചെമ്പ് പട്ടയത്തിൽ സൗജന്യമായി എഴുതി നൽകിയ സ്ഥലത്താണ് നാരായണപുരം ചന്ത പിറവിയെടുത്തത്.
റോഡ് വശങ്ങളിൽ ഗതാഗത തടസം സൃഷ്ടിച്ചിരുന്ന വഴിയോര കച്ചവടം നാരായണപുരം ചന്തയിൽ ഒന്നിച്ചപ്പോൾ അതിന് ഒരു ഏകീകൃത സ്വഭാവമുണ്ടായി. നാരായണന്റെ ചന്ത എന്ന് അറിയപ്പെട്ടിരുന്ന ചന്ത പിന്നീട് നാരായണപുരം ചന്തയായി മാറുകയായിരുന്നു. രാജ ഭരണകാലത്ത് സർക്കാരിലേക്ക് എഴുതി നൽകിയ ഭൂമി എന്നെങ്കിലും ചന്തയുടെ ആവശ്യത്തിന് അല്ലാതെ ഉപയോഗിച്ചാൽ ഭൂമി തിരികെ എടുക്കുവാനുള്ള അവകാശവും നാരായണന്റെ പിന്മുറക്കാർക്ക് നൽകിയാണ് ഭൂമിയുടെ കരാർ വ്യവസ്ഥ ചെയ്തത്. പിന്നീട് നാരായണപുരം ചന്ത പ്രധാന നാട്ടുചന്തയായി വളരുകയും മധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്‌തു. ജില്ലയിലെ പ്രാധാന വാഴക്കുല ചന്തയായിരുന്നു ഇവിടം.
വാഴക്കുല വാങ്ങുന്നതിനും വിൽക്കുന്നതിനും സമീപ ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു. വാഴക്കുല, കുരുമുളക്, നാളികേരം, അടക്ക, കശുവണ്ടി, ചുക്ക്, മഞ്ഞൾ, കുട്ട, മുറം, പരമ്പ്, മൺപത്രങ്ങൾ എന്നിവക്ക് ചന്തയിൽ ആവശ്യക്കാർ ഏറെയായിരുന്നു. ശനി, ബുധൻ ദിവസങ്ങളിൽ ആയിരുന്നു പ്രധാന ചന്ത, കാളവണ്ടികളിലും തല ചുമടായും ആളുകൾ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ കോന്നിയുടെ മുഖം മാറുകയും പുതിയ ഷോപ്പിങ് കോംപ്ലക്സുകൾ വരുകയും ചെയ്തതോടെ കോന്നിയുടെ മുഖം മാറുകയും നാരായണ പുരം ചന്തയ്ക്ക് പഴയ പ്രതാപം നഷ്ടമാവുകയും ചെയ്തു. എന്നാൽ പഴമയുടെ പ്രൗഡിയിൽ എന്നും തലയെടുപ്പോടെ നിൽക്കുകയാണ് ഇന്നും കോന്നി നാരായണപുരം ചന്ത.