കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് പുതുതായി നിർമ്മിച്ച റോഡിലെ പൊടിപടലം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുൻപ് വനംവകുപ്പിന്റെ അധീനതയിലുള്ള റോഡിലൂടെയാണ് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ ഇതിന് ബദലായാണ് ആശുപത്രിയിലേക്ക് പുതിയ റോഡ് നിർമ്മിച്ചത്.
റോഡ് ശരിയായ വിധത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമ്മിക്കാത്തത് മൂലം റോഡിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങൾ ആശുപത്രിയിലേക്ക് വരുന്നവർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാവിലെ മുതൽ നിരവധി ആളുകളാണ് ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത്. ശ്വാസംമുട്ടലും അലർജിയും ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവര്‍ക്ക് പൊടിശല്യം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അധികൃതരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.