കോന്നി : മെഡിക്കൽ കോളേജ് റോഡിൽ കോടികൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചപ്പോഴും കോന്നി മെഡിക്കൽ കോളേജ് പരിസരം ഇരുട്ടിൽ തന്നെ. മെഡിക്കൽ കോളേജ് റോഡ് പ്രകാശപൂരിതമായപ്പോഴും മെഡിക്കൽ കോളേജ് പരിസരം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
സന്ധ്യ കഴിഞ്ഞാൽ പിന്നെ കൂരിരുട്ടാണ് ആശുപത്രിക്ക് ചുറ്റുമുള്ളത്. ഇതിനാൽ മെഡിക്കൽ കോളേജിൻ്റെ സമീപത്തെ വനഭാഗത്ത് നിന്ന് കാട്ടുപോത്തുകൾ അടക്കം മെഡിക്കൽ കോളേജിൻ്റെ സമീപത്തേക്ക് എത്തുന്നുണ്ട്. മാത്രമല്ല വെളിച്ചകുറവ് സാമൂഹ്യ വിരുദ്ധ ശല്ല്യത്തിന് കാരണമാകുമെന്നും നാട്ടുകാർ ആരോപിച്ചു. കൂടാതെ മെഡിക്കൽ കോളേജ് റോഡിൽ അടുത്തടുത്തായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു ഹൈമാസ്റ്റ് ലൈറ്റിൽ നിന്ന് കൂടുതൽ സ്ഥലത്തേക്ക് പ്രകാശം ലഭിക്കുമെന്നതിനാൽ ഇത് അശാസ്ത്രീയമാണെന്നും ആക്ഷേപമുണ്ട്.
അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി രൂപ വിനിയോഗിച്ച് കോന്നി നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 81 ഹൈമാസ്റ്റ് ലൈറ്റുകളാണ് ഒറ്റ ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.
ഇതിൽ 46 ലൈറ്റുകൾ കോന്നി മെഡിക്കൽ കോളേജ് റോഡിലാണ് സ്ഥാപിച്ചിരിക്കുന്നത്. മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽസ് ആൻ്റ് അലൈഡ് എഞ്ചനീയറിംഗ് കോർപ്പറേഷൻ ലിമറ്റഡാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.