കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കോന്നിയൂര്‍ പി കെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണ ഡിവിഷനായ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ആദ്യകാല സി പി ഐ നേതാവു കൂടിയായ കോന്നിയൂർ പി കെ സി പി ഐ സീറ്റിലാണ് മത്സരിക്കുന്നത്.
ജില്ല കോൺഗ്രസ്സ് നേതൃത്വമായും അടൂർ പ്രകാശ് എം പിയുമായും ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ ഭാരവാഹിത്വവും കോന്നിയൂർ പി.കെ രാജി വെച്ചത്. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈ. പ്രസിഡൻ്റു കൂടിയായ കോന്നിയൂര്‍ പി. കെ യുടെ രാജി നേതാക്കളെയും കോൺഗ്രസ്സ് പ്രവർത്തകരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
കോന്നിയുടെ പൊതുവികസനത്തിന് ബോധപൂർവം തടസം സൃഷ്ടിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോന്നിയുർ പി കെ രാജിവെച്ചത്. ഇതു സംബന്ധിച്ച് വിശദമായ രാജി കത്താണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കോന്നിയൂർ പി.കെ നൽകിയത്. കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പട്ടികജാതി സംവരണമായതോടെ കോന്നിയൂർ പി കെയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പുറമെ നിന്നുള്ള ചിലരെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ ചരട് വലികൾ നടത്തിയതോടെയാണ് കോന്നിയൂര്‍ പി കെ പാർട്ടി വിടാൻ തീരുമാനമെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പറും നിലവില്‍ അരുവാപ്പുലം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ സി വി ശാന്ത കുമാറിനെ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കണമെന്നുള്ള ആവശ്യം പാർട്ടിക്കുള്ളിൽ ഉയര്‍ന്നു വന്നിരുന്നു. മണ്ഡലത്തിന് പുറത്തു നിന്നും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ അത് യു ഡി എഫിന് പരാജയമായിരിക്കും എന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതു ചെവി കൊള്ളാൻ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും തയ്യാറായില്ല ഇതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് വഴിവെച്ചത്. കോന്നിയൂര്‍ പി കെ 10 വര്‍ഷം മുന്‍പ് സി പി ഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു. കോന്നിയൂര്‍ പി കെ യെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാന്‍ എല്ലാ ഘടകങ്ങളും അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ഘടകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഉള്ളത്.