കോന്നി : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്മ്മിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി കിഫ്ബിയില്‍ നിന്നും 1.55 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എംഎല്‍എ പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും മാര്‍ക്കറ്റ് നിര്‍മിക്കുക.
നിലവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 4025.75 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മാര്‍ക്കറ്റില്‍ നാല് മത്സ്യ വിപണന കേന്ദ്രങ്ങള്‍, ഫിഷ് ഡിസ്‌പ്ലെ സ്റ്റാള്‍, മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ആധുനിക ഫ്രീസര്‍ റൂം, ഫിഷ് പ്രിപ്പറേഷന്‍ റൂം, മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാള്‍ തുടങ്ങിയവയുണ്ടാകും.
കൂടാതെ ഇറച്ചി വിപണനത്തിന് ആധുനിക ഇറച്ചി വ്യാപാര കേന്ദ്രം, ശീതികരിച്ച ഇറച്ചി പ്രദര്‍ശന കേന്ദ്രം, പച്ചക്കറി വ്യാപാരത്തിനായി നാല് പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, രണ്ട് പലചരക്കു വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മൂന്ന് ടോയ് ലെറ്റ്, പുരുഷന്മാര്‍ക്ക് മൂന്ന് ടോയ് ലെറ്റ്, സ്റ്റെയര്‍ റൂം, വരാന്ത, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല സംസ്‌കരണ കേന്ദ്രം തുടങ്ങിയവയും നിര്‍മ്മിക്കും.
മാര്‍ക്കറ്റില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി നല്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കും. നിലവില്‍ നടക്കുന്ന മാര്‍ക്കറ്റ് പ്രവര്‍ത്തനം മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും. ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പ്രവര്‍ത്തനം നടത്തും. നിയോജക മണ്ഡലത്തിലെ പ്രധാന മാര്‍ക്കറ്റുകളെ ആധുനിക നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടല്‍ മാര്‍ക്കറ്റിന് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ജനങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വൃത്തിയോടെയും മികച്ച ഗുണനിലവാരത്തിലും വിതരണം ചെയ്യുന്നതിനായാണ് മാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നത്. ഫിറ്റ്നസ് സെന്ററിനൊപ്പം ആധുനിക മാര്‍ക്കറ്റും കൂടലില്‍ അനുവദിച്ചതോടെ കലഞ്ഞൂര്‍ പഞ്ചായത്ത് വികസന കുതിപ്പിലൂടെ മുന്‍പോട്ടു പോകുകയാണ്. മാര്‍ക്കറ്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.