കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ നിര്‍ത്തിവെക്കണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നുമാണ് മുഖ്യപ്രതി ജോളിയുടെ ആവശ്യം. ഭൂമി തര്‍ക്കമാണ് കൊലപാതക കേസായി മാറിയത്. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയമായ തെളിവുകളില്ല. കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്നാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ജെബി പാര്‍ഡിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസ് വിചാരണ മാറാട് സ്‌പെഷൽ കോടതി ജഡ്ജി എസ്ആർ ശ്യാംലാൽ മുമ്പാകെ കഴിഞ്ഞ ദിവസം പുനരാരംഭിച്ചു.
ആറാം സാക്ഷി അയൽവാസിയായ മുഹമ്മദ് എന്ന ബാവയുടെ എതിർവിസ്താരമാണ് നടന്നത്. റോയ് തോമസിന്റെയും സഹോദരങ്ങളുടെയും കാര്യങ്ങൾ നിയന്ത്രിക്കാൻ അന്നമ്മ തോമസ് തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല എന്നാണ് ബാവ മൊഴി നൽകിയത്. താനും റോയിയും പാർട്ണർഷിപ് ബിസിനസ് നടത്തിയിരുന്നു. തങ്ങളുടെ കടയിൽ പോലീസ് റെയ്ഡ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് പങ്കുകച്ചവടത്തിൽ നിന്നും ഒഴിവായത് എന്നുപറഞ്ഞാൽ ശരിയല്ല. വിവാഹം കഴിഞ്ഞത് മുതൽ ജോളിയെ അറിയാം. മനസമ്മതത്തിന് താൻ കട്ടപ്പന പോയിട്ടുണ്ട്. ജോളിയെപ്പറ്റി എല്ലാ കാര്യങ്ങളും റോയ് തന്നോട് പങ്കുവെക്കാറുണ്ടായിരുന്നു എന്ന പ്രതിഭാഗം വാദം ബാവ നിഷേധിച്ചിരുന്നു.





























