കൊച്ചി: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഭരണം രണ്ടാഴ്ചയ്ക്കകം ഏറ്റെടുത്തു റിപ്പോർട്ട് നൽകാൻ ജനുവരി ഒമ്പതിന് ഹൈകോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകിയേക്കും.
കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി മൂവാറ്റുപുഴ ആര്‍ഡിഒ കഴിഞ്ഞ ദിവസം പള്ളിയിൽ എത്തിയെങ്കിലും യാക്കോബായ വിഭാഗം എതിർത്തതിനാൽ മടങ്ങി പോകേണ്ടിവന്നിരുന്നു. കളക്ടർ ഇക്കാര്യം കോടതിയെ അറിയിക്കും. ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സാവകാശവും തേടിയേക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് പോലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും പള്ളിയിൽ കയറാൻ കഴിയാതെ വന്നതോടെയാണ് പോലീസിനെതിരെ കോടതിയ ലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ എത്തിയത്.