കോട്ടാങ്ങല്‍ : ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണി പുലവൃത്തം തുള്ളി പരിസമാപ്തി കുറിച്ചു. ധനു മാസത്തിലെ ഭരണി മുതല്‍ മകര മാസത്തിലെ ഭരണി വരെ ആണ് ദേവിക്ക് പടയണി ഉത്സവം. മകരമാസ ഭരണിക്കു മുന്‍പുള്ള എട്ടു ദിവസങ്ങളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ യഥാക്രമം കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാരുടെ നേതൃത്വത്തില്‍ നടന്നു വന്ന പടയണിയാണ് ഇന്നു വൈകീട്ടോടെ പുലവൃത്തം ചൊല്ലി സമാപിച്ചത്. ഇരുകരക്കാരും മത്സര ബുദ്ധി അവസാനിപ്പിച്ചു കൈകോര്‍ത്തു തിരുനടയില്‍ പുലവൃത്തം തുള്ളിയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് ഒരുമയുടെ സന്ദേശമാണ്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. എംഎല്‍എ, ആര്‍ ഡി ഒ എന്നിവരുടെ സാന്നിധ്യത്തില്‍ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റു പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന പടയണി ഏകോപന സമിതി യോഗം മല്ലപ്പള്ളി തഹസില്‍ദാരെ പടയണി ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസറായി നിയമിച്ചിരുന്നു.