കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.രേഖ കൃഷ്‌ണൻ മോശമായി പെരുമാറിയ സംഭവത്തിൽ റിപ്പോർട്ട് നൽകി ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് ഡിഎംഒ റിപ്പോർട്ട് നൽകിയത്. രോഗിയോട് ഡോക്ടർ ഇടപെട്ട രീതി ശരിയായില്ലെന്നും ഡോക്ടർക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടറെ കാഷ്വൽറ്റി ഇല്ലാത്ത ആശുപത്രിയിലേക്കു മാറ്റി നിയമിക്കണമെന്നും ഡിഎംഒ നിർദേശിച്ചു. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡോ.രേഖ കൃഷ്‌ണന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു.
ഇന്നലെ ആരോഗ്യ വിഭാഗം വിജിലൻസ് അധികൃതർ ഡോ.രേഖയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണു നിർദേശം നൽകിയത്. അന്വേഷണം പൂർത്തിയാകും വരെ ജോലിയിൽ പ്രവേശിക്കരുതെന്ന് അറിയിച്ചു. കഴിഞ്ഞ രാത്രി ശരീരവേദനയും പനിയുമായി എത്തിയ സ്ത്രീയോട് കയർത്ത് സംസാരിച്ചെന്നാണു ഡോ.രേഖ കൃഷ്‌ണനെതിരെയുള്ള പരാതി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിയിൽ ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം ഇന്നലെ രാവിലെ എട്ടരയോടെ താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെയും മൊഴിയെടുത്തു. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.
































