ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ ഓൺലൈനിലൂടെ അനധികൃത പണപ്പിരിവ്. വിജയ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുസംഘം പണംപിരിക്കുന്നത്. ഫൗണ്ടേഷൻവഴി ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി പാവപ്പെട്ടവരും ദരിദ്രരുമായ കുടുംബങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസ, ബിസിനസ്, സ്വയംസഹായസംഘങ്ങളും വഴി വായ്പകൾ ലഭിക്കുമെന്നുമാണ് വാഗ്ദാനം. വായ്പ ലഭിക്കുന്നതിനായി ജി.എസ്.ടി. ഫീസ്, വെരിഫിക്കേഷൻ ഫീസ്, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയ ഇനങ്ങളിൽ ഇവർ ആളുകളിൽനിന്ന് 1000 രൂപ മുതൽ 50,000 രൂപ വരെ പിരിച്ചെടുത്തു. ഇതിനകം ഏകദേശം പത്തുലക്ഷം രൂപ ഇവർ പലരിൽനിന്ന് തട്ടിയെടുത്തതായാണ് പ്രാഥമികവിവരം.
പണം നൽകിയശേഷം വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. മാത്രമല്ല, പണം കൈപ്പറ്റിയവരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പൊതുജനങ്ങൾ തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു. സംഭവത്തിൽ ഇന്ദോർ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തമിഴ്‌നാട് സൈബർ പോലീസിന്റെ സഹായവും തേടി. സംഭവത്തിൽ തമിഴ്‌നാട് പോലീസും വിശദമായ അന്വേഷണം നടത്തും. അടുത്തിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി വിജയ്‌ക്ക് ആരാധകർ വർധിച്ചുവരുകയാണ്. അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാണെന്ന തരത്തിലുള്ള വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.































