കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി. സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശേരിയിൽ പ്രവർത്തിക്കുന്ന സ്പായിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി 1,500 രൂപ വാങ്ങിയതായാണ് ഉദ്യോഗസ്ഥനെതിരായ ആരോപണം. പണം തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മുഹമ്മദ് ഫാസിലിനെ സർവീസിൽ നിന്നും നീക്കിയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഫാസിലിനെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.































