കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ഡോക്ടറിൽനിന്നു മൊഴിയെടുക്കുകയും ചെയ്തു. ആരോപണവിധേയയായ, അത്യാഹിതവിഭാഗത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രേഖാകൃഷ്ണനോട് താത്കാലിക അവധിയിൽ പ്രവേശിക്കാൻ ആശുപത്രി സൂപ്രണ്ട് നിർേദശം നൽകി. കഴിഞ്ഞദിവസമാണ് അത്യാഹിതവിഭാഗത്തിൽ പനിയും ശരീരവേദനയുമായി ചികിത്സതേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
രാത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയതിനെ ചോദ്യംചെയ്ത ഡോക്ടർ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി.യും ഡി.വൈ.എഫ്.ഐ.യും ആശുപത്രിയിൽ സമരം നടത്തി. ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൂപ്രണ്ടിന് പരാതിയും നൽകി. തുടർന്നാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിജിലൻസ് വിഭാഗം അന്വേഷണത്തിന് എത്തുകയും ചെയ്തത്. ഡോക്ടർക്കെതിരേ സമാനമായ പരാതികൾ മുൻപും ഉയർന്നിരുന്നു. രണ്ടു പരാതികളിൽ വിജിലൻസ് അന്വേഷണം നടക്കുകയുമാണ്. പഴയ പരാതികളുടെ വിവരങ്ങളും ശേഖരിച്ചാണ് അന്വേഷണസംഘം മടങ്ങിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് തുടർനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.






























