കോട്ടയം : കോട്ടയത്ത് ഹണി ട്രാപ്പ് മോഡല്‍ പണം തട്ടല്‍. സ്വര്‍ണവ്യാപാരിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്‌നഫോട്ടോയെടുത്ത് രണ്ടുലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോട്ടയം മുടിയൂര്‍ക്കര നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ (34), മലപ്പുറം എടപ്പന വില്ലേജില്‍ തോരക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം പാക്കില്‍ സ്വദേശിയായ വ്യാപാരിയാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്. പട്ടാപ്പകല്‍ കോട്ടയം നഗരമധ്യത്തില അപ്പാര്‍ട്ടുമെന്റിലായിരുന്നു സ്ത്രീയുള്‍പ്പെട്ട സംഘം ഹണിട്രാപ്പൊരുക്കിയത്. പഴയ സ്വര്‍ണം വില്‍ക്കാനെന്ന വ്യാജേന വ്യാപാരിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെണിയില്‍പ്പെടുത്തുക ആയിരുന്നു. കോട്ടയം ഡിവൈ.എസ്‌പി. ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പഴയ സ്വര്‍ണംവാങ്ങി വില്‍ക്കുന്ന വ്യാപാരിയുടെ മൊബൈല്‍ ഫോണില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായം ചോദിച്ച് കഴിഞ്ഞ ദിവസം സ്ത്രീ വിളിച്ചു. രണ്ട് ദിവസത്തിനുശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയം കളക്ടറേറ്റിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തമ്മില്‍ കാണാമെന്നും ധാരണയിലെത്തി. സ്ത്രീ പറഞ്ഞതനുസരിച്ച് വെള്ളിയാഴ്ച അപ്പാര്‍ട്ട്‌മെന്റിലെത്തിയ വ്യാപാരിയെ ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയോടൊപ്പമിരുത്തി ബലമായി ഫോട്ടോയെടുത്തശേഷം മര്‍ദിച്ചവശനാക്കി.
ശേഷം ഇരുവരും ചേര്‍ന്നിരിക്കുന്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ആറുലക്ഷം രൂപ ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ സ്ത്രീയുള്‍പ്പെട്ട സംഘം മുറിയിലേക്ക് വിളിച്ചുവരുത്തി. ഇയാളുടെ മധ്യസ്ഥതയില്‍ രണ്ടുലക്ഷംരൂപ തന്നാല്‍ മോചിപ്പിക്കാമെന്ന് ധാരണയിലെത്തി. ഇതോടെ വിട്ടയക്കപ്പെട്ട വ്യാപാരി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പണയംവെച്ച് ക്രിമിനല്‍ കേസ് പ്രതിക്ക് രണ്ടുലക്ഷം രൂപ കൈമാറി. വ്യാപാരി കോട്ടയം ഡിവൈ.എസ്‌പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ക്രിമിനല്‍ സംഘങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ഒത്താശയും ചെയ്യുന്ന പ്രതികള്‍ കോട്ടയം ജില്ലയിലെ വിവിധ ചീട്ടുകളിസംഘത്തിലെ സ്ഥിരം പങ്കാളികളാണ്. എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഹാനീഷിനു ചീട്ടില്‍ കള്ളക്കളി കളിക്കാനുള്ള വൈഭവം മനസ്സിലാക്കി ക്രിമിനല്‍ സംഘങ്ങള്‍ കൂടെകൂട്ടുകയായിരുന്നു. ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് സഹായം ചെയ്തുകൊടുത്താണ് പ്രതികള്‍ ആര്‍ഭാട ജീവിതം നയിച്ചിരുന്നത്.
കോട്ടയം നഗരത്തിലെ കൊടുംകുറ്റവാളിയുടെ സംഘത്തിലെ സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്‌പി. ഓഫീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍.അരുണ്‍കുമാര്‍, പി.ബി.ഉദയ കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.