കോട്ടയം : ഇരു മുന്നണികളും തുല്യനിലയിലായതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളിലും ഭരണം നേടിയത്.
കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സി സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു.
നഗരസഭയിലെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിന് 22 ഉം യുഡിഎഫിന് 21 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഇരു മുന്നണികളും തുല്യനിലയിലായത്. യുഡിഎഫിനെ പിന്തുണച്ച ബിന്‍സിയെ ഐക്യമുന്നണി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.