കോട്ടയം : താഴത്തങ്ങാടി വേളൂരില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നൊരാള്‍ കസ്റ്റഡിയില്‍. ഈ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുമരകം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ ഇയാളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പോലിസ് പുറത്തുവിട്ടിട്ടില്ല. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. വേളൂര്‍ പാറേപ്പാടം സ്വദേശിയായ ഷീബ സാലി(55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെയും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.
വീട്ടിലെ പാചകവാതക സിലണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. രാത്രിയാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സംഭവം പിറ്റേന്ന് വൈകിമാത്രമാണ് പുറംലോകം അറിഞ്ഞത്. സാലി ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വീട്ടില്‍ നിന്ന് കാണാതായ കാര്‍ കേന്ദ്രീകരിച്ചായിരുന്നു പോലിസ് അന്വേഷണം പുരോഗമിച്ചിരുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വീടുമായി അടുത്ത ബന്ധമുള്ളയാളെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ മറ്റ് ഏഴുപേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംശയകരമായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പില്‍ കയറിയതാണ് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ യുവാവെത്തുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (55)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (60) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സാലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
വീട്ടില്‍നിന്ന് കാണാതായ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് കണ്ടെത്തി. കാണാതായ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കാറിന്റെ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.