മലപ്പുറം : കൊണ്ടോട്ടി കൊട്ടുക്കര കോടങ്ങാട് വിദ്യാര്‍ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറണോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. 15- 18നും ഇടയില്‍ പ്രായമുള്ളവര്‍ പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ അവരുടെ മാനസിക വളര്‍ച്ച പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡാണ് വിചാരണ തീരുമാനിക്കുക. മാനസികവളര്‍ച്ച എത്തിയതായി കണ്ടെത്തിയാല്‍ വിചാരണ സിജെഎം കോടതിക്ക് കൈമാറും.
തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാണ്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസില്‍ നിര്‍ണായകമാണ്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതു മാത്രമാണ് തുണ. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ കേസില്‍ 15 വയസ് പൂര്‍ത്തിയായവരുടെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.