വാഷിങ്ടൺ : ലോകമെമ്പാടും കൊറോണ വെെറസ് (കൊവിഡ് 19) പടരുന്നത് കണക്കിലെടുത്ത് ഏപ്രിൽ ആറ് മുതൽ എട്ട് വരെ ഡിജിറ്റലായി നടക്കാനിരുന്ന ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് കോൺഫറൻസ് നീട്ടിവെച്ചു. ഗ്രൗണ്ട് ഇവന്റായി സാൻഫ്രാൻസിസ്‌കോയിൽ നടത്താനിരുന്ന പരിപാടി കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ “ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് ’20: ഡിജിറ്റൽ കണക്ട്” എന്ന പേരിൽ ഓൺലൈൻ ഇവന്റ് ആയി നടത്താൻ ഗൂഗിൾ തീരുമാനിക്കുകയായിരുന്നു. ഇവന്റിന്റെ ഡിജിറ്റല്‍ ബദല്‍ സംഘടിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ കൊറോണ വൈറസ് ബാധ ലോകമെമ്പാടും പടർന്നതോടെ ഫെഡറൽ, ലോക്കൽ ഗവൺമെന്റുകളുടെ നിർദേശങ്ങളും പങ്കാളികളുടെയും ജീവനക്കാരുടെയും തങ്ങളുടെ ഉപഭോക്താക്കളുടേയുമെല്ലാം ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഇവന്‍റ് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഏകദേശം 30,000 പേർ പങ്കെടുത്ത പരിപാടിക്കായി ഈ വർഷം ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകള്‍ക്കും ഗൂഗിള്‍ റീഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഹോട്ടല്‍ റിസര്‍വേഷനുകളും അതിന്‍റെ കോണ്‍ഫറന്‍സ് റിസര്‍വേഷന്‍ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമെന്നും അറിയിച്ചു. ക്ലൗഡ് ഫോക്കസ് ചെയ്ത ഇവന്റും ഗൂഗിളിന്റെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനവുമാണ് ക്ലൗഡ് നെക്സ്റ്റ്. ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് 20: ഡിജിറ്റൽ കണക്ട് ടു ലൈഫ് അനുകൂലമായ സമയത്ത് നടത്തും എന്നാണ് കമ്പനി പറയുന്നത്.
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ ഓൺ-സൈറ്റ് ജോലി അഭിമുഖങ്ങൾ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. പകരം ഓൺലൈൻ ആയി അഭിമുഖങ്ങൾ നടത്തും. ശാരീരിക ഇടപെടലുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അഭിമുഖങ്ങൾ ഓൺലൈൻ ആക്കുന്നത്. ഹാങ്ങ്ഔട്ട് അല്ലെങ്കിൽ ബ്ലുജിയൻ വഴി ഓൺലൈനിൽ അഭിമുഖങ്ങൾ നടത്തും.