കൊച്ചി : സമൂഹത്തില്‍ കൊവിഡ് പ്രതിരോധ അവബോധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ മെഗാ പരസ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ഔട്ട്‌ഡോര്‍ പരസ്യ കമ്പനിയായ സീറോ ഡിഗ്രിയുമായി സഹകരിച്ച് കൊച്ചി മെട്രോ പില്ലറുകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഔട്ട്‌ഡോര്‍ സോഷ്യല്‍ അവെയര്‍നസ് ക്രിയേറ്റീവ് ക്യാമ്പയിന്‍-2020 എന്ന പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ കേരളത്തിലെയും ദേശീയ തലത്തിലെയും ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്ന ക്രിയേറ്റീവുകളാണ് ബ്രാന്‍റുകള്‍ തങ്ങളുടെ പരസ്യ ഏജന്‍സികള്‍ വഴി ക്യാമ്പയിനിലേക്ക് സമര്‍പ്പിക്കേണ്ടത്.
കൊവിഡ് അവബോധം, അതിജീവനം, കൊവിഡ് പോരാളികള്‍ക്കുള്ള ആദരവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ക്രിയേറ്റീവുകള്‍ സമര്‍പ്പിക്കാം. ഇതില്‍ എതെങ്കിലും ഒരു വിഭാഗമോ ഒന്നിലധികം വിഭാഗങ്ങളോ തെരഞ്ഞെടുക്കാം. ക്രിയേറ്റീവുകള്‍ മെയ് 20 വൈകിട്ട് 5 മണിക്ക് മുന്‍പായി http://www.zerodegreegroup.com/osacc എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ഡോര്‍ സ്‌പെഷ്യലിസ്റ്റ് ഏജന്‍സി, മീഡിയ ഏജന്‍സി, ക്രിയേറ്റീവ് ഏജന്‍സി, ഫ്രീലാന്‍സ് അഡ്വര്‍ടൈസര്‍മാര്‍, ഫ്രീലാന്‍സ് അഡ്വര്‍ടൈസിംഗ് ഗ്രൂപ്പ് എന്നിവര്‍ക്ക് ക്യാമ്പയിനില്‍ പങ്കെടുക്കാം. ക്യാമ്പയിനിന്റെ ഭാഗമാകുന്നതിനു പ്രത്യേക എന്‍ട്രി ഫീസ് ഇല്ല.