ചെങ്ങന്നൂർ : നഗരസഭാ പ്രദേശത്തെ കൊവിഡ് മുന്നണി പോരാളികളെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. മഹാമാരിക്കാലത്തു ജീവൻ പണയം വെച്ചും ചെങ്ങന്നൂർനഗരസഭാ പ്രദേശത്ത് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, പൊലിസ്, ഫയർ ഫോഴ്സ് സേനകൾ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ 27 ആശാ വർക്കർമാരും ജില്ലാ ആശൂപത്രിയിലെ നഴ്സുമാരും സാമൂഹ്യ പ്രവർത്തകൻ കൂടിയായ ചെങ്ങന്നൂരിലെ ശക്തി പ്ലൈ വുഡ് സ്ഥാപന ഉടമ എം.ജി ചന്ദ്രശേഖരക്കുറുപ്പും ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഒരു ലക്ഷത്തിലേറെ വരുന്ന വ്യത്യസ്ത തരം മുഖാവരണങ്ങൾ, സാനിറ്റൈസർ, കൈയ്യുറകൾ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തതിനു പുറമെ കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങൾക്ക് മരുന്നുകൾ, ഭക്ഷണ ധാന്യങ്ങൾ അടക്കമുള്ള സഹായങ്ങളും ചന്ദ്രശേഖരക്കുറുപ്പ് നൽകി. 2018 ലെ മഹാപ്രളയകാലത്തും ഇദ്ദേഹത്തിന്റെ കൈ സഹായം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. നിളാ ഓഡിറ്റോറിയത്തിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് , നഗരസഭാ സെക്രട്ടറി എസ്.നാരായണൻ എന്നിവരും ത്രിതല പഞ്ചായത്തു പ്രതിനിധികൾ വിവിധവകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.