കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ച മരുന്നുകളിൽ പലതും കാലഹരണപ്പെടാറായവ. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളും കൂടിയ അളവിൽ എത്തിച്ചു. ഇതോടെ മരുന്നുകൾ തിരിച്ചെടുക്കാൻ നടപടി തുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലൊക്കെ കാലാവധി തീരുന്ന മരുന്നുകളാണ് ഏതാനും ദിവസംമുൻപ് എത്തിച്ചത്. ചിലത് 200-400 എണ്ണമൊക്കെയുണ്ട്. ‘ഓഗസ്റ്റ് അവസാനംവരെ ഉപയോഗിക്കാൻ പറ്റുന്ന മരുന്ന് നൽകിയത് ദിവസങ്ങൾക്കുമുൻപാണ്. പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ മരുന്ന് 2028-29 വരെ കാലാവധിയുള്ളത് സ്റ്റോക്കുണ്ട്. 480 എണ്ണം സ്‌റ്റോക്കുള്ളപ്പോൾ 300 എണ്ണം കൂടിവന്നു.
എത്ര രോഗികളെത്തുന്നുണ്ടെന്നുപോലും കണക്കാക്കാതെ ഇത്രയേറെ മരുന്ന് എന്തിനാണെന്ന് മനസ്സിലാവുന്നില്ല’, ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരി പറഞ്ഞു. ഡോക്ടർ ആവശ്യപ്പെടാത്ത ഇരുപതിലേറെയിനം മരുന്നുകളെത്തി. ദിവസം ശരാശരി 50-70 പേരൊക്കെയാണ് സെന്ററുകളിൽ എത്തുന്നത്. ഈസ്റ്റ്ഹില്ലിൽ 16 മരുന്നുകൾക്കുപകരം ഇരട്ടിയിലേറെ എത്തിച്ചെന്ന് കൗൺസിലർ എൻ. ശിവപ്രസാദ് പറഞ്ഞു.






























