ഡൽഹി: കെ.പി.സി.സി പുനഃസംഘടനയ്ക്കായുള്ള ജംബോ ലിസ്റ്റിനെ ചൊല്ലി കോൺഗ്രസ് ഉന്നത നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത. കഴിഞ്ഞ ദിവസം ഡൽഹിയിൽ നേതാക്കൾ ഒന്നിച്ചിരുന്ന് ധാരണയിലെത്തിയ ലിസ്റ്റ് വീണ്ടും വെട്ടിച്ചുരുക്കണമെന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുംപിടുത്തവും വഴങ്ങില്ലെന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കടുത്ത നിലപാടുമാണ് പുതിയ പ്രതിസന്ധി. ഇതോടെ ലിസ്റ്റ് പുറത്തിറക്കാനായി നൽകിയിരുന്ന അവസാന ദിവസമായ ഇന്നും ലിസ്റ്റ് പുറത്താകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരുമായിരുന്നു കഴിഞ്ഞ ദിവസം നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണ. എന്നാൽ ഈ വാർത്ത പുറത്തുവന്നതോടെ ജംബോ ലിസ്റ്റിനെതിരെ ഉയർന്ന വ്യാപക വിമർശനങ്ങളാണ് മുല്ലപ്പള്ളിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചതെന്ന് പറയുന്നു. ഇതോടെ ലിസ്റ്റ് വെട്ടിച്ചുരുക്കാതെ അന്തിമ പട്ടിക സോണിയാ ഗാന്ധിയുടെ അനുമതിക്കായി നല്കാനാകില്ലെന്ന കർശന നിലപാടിലേക്ക് മുല്ലപ്പള്ളി മാറി. ഹൈക്കമാന്റിനും ഇതേ അഭിപ്രായമാണ്.
എന്നാൽ രണ്ടുതവണ ഡൽഹിയിലെത്തി ഉണ്ടാക്കിയ ധാരണയിൽ നിന്നും പിന്നോക്കം പോകാനാകില്ലെന്ന നിലപാടിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉറച്ചു നിൽക്കുകയാണ്. 25 ജനറൽ സെക്രട്ടറിമാരും 30 സെക്രട്ടറിമാരുമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. അങ്ങനെയെങ്കിൽ 30 അംഗ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നും 5 പേരുകളും 50 അംഗ സെക്രട്ടറി പട്ടികയിൽ നിന്നും 20 പേരുകളും വെട്ടിമാറ്റണം. ലിസ്റ്റ് പുറത്തിറക്കാനുള്ള അന്തിമ ദിവസമായി പ്രഖ്യാപിച്ചിരുന്നത് 18 ആയിരുന്നു. പുതിയ സാഹചര്യത്തിൽ ഇന്നുച്ചവരെ പട്ടികയുടെ കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണ ആകാത്ത സാഹചര്യത്തിൽ ലിസ്റ്റ് ഇന്ന് പുറത്തിറങ്ങാൻ സാധ്യത കുറവാണ്. നാളെയെങ്കിലും പട്ടിക പുറത്തിറക്കിയില്ലെങ്കിൽ നാണക്കേടാകും എന്നതാണ് കോൺഗ്രസിലെ പൊതുവികാരം.