കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കെ.സുധാകരനും മറിച്ചൊരു അഭിപ്രായം ഇല്ല. താൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ല. സാമുദായിക പരിഗണനകൂടി നോക്കിയുള്ള സ്ഥാനാർത്ഥിപ്പട്ടികയാണ് യുഡിഎഫ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനത്തു നിന്ന് പാർട്ടിയെ നയിക്കുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധ. സാമുദായിക പരിഗണന കൂടി നോക്കിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് തയ്യാറാക്കുന്നത്. ശശി തരൂരിന് ഈ തെരഞ്ഞെടുപ്പിൽ ഇനിയും ചുമതലകൾ ഉണ്ടാകും. കെവി തോമസിന് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ പ്രയാസം ഉണ്ടാകില്ല.
വടകരയിൽ ആർഎംപിയെ മത്സരിപ്പിക്കണമോ എന്ന് പാർട്ടി ആലോചിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഗ്രൂപ്പ് താത്പര്യങ്ങൾ പ്രശ്നമുണ്ടാക്കിയെന്നും പല നേതാക്കളും ഇക്കാര്യം വരുമ്പോൾ അന്ധരും മൂകരുമാകുന്നു എന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിൽ പാർട്ടിക്ക് ക്ഷീണമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാൻ പോയതാണ് തദ്ദേശ തോൽവിക്ക് ഒരു കാരണം. ഗ്രൂപ്പ് താത്പര്യങ്ങൾക്കിടയിൽ പെട്ട് താൻ പലപ്പോഴും പ്രയാസപ്പെട്ടു. ഇത്തവണ ഗ്രൂപ്പിന് അതീതമായി സ്ഥാനാർത്ഥികളുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.