തിരുവനന്തപുരം : സെമികേഡർ സംവിധാനത്തിലേക്ക് മാറുന്ന കെപിസിസി ഫണ്ട് പിരിവിനും സിപിഎം മാതൃക പിന്തുടരുന്നു. ബൂത്ത് കമ്മിറ്റികൾക്ക് താഴെ പുതിയ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനാണ് തീരുമാനം. 15 മുതൽ 20 വരെ വീടുകൾക്ക് ഒരു യൂണിറ്റ് എന്ന നിലയിലാണ് കമ്മിറ്റികൾ. സംസ്ഥാന നേതാക്കൾ ഉൾപ്പടെ ഈ യൂണിറ്റ് കമ്മിറ്റികളിൽ ഉണ്ടാകും. ഇവരിൽ നിന്ന് വാർഷിക വരിസംഖ്യ സ്വീകരിക്കും.
ഓരോ കുടുംബവും 600 രൂപ വാർഷികവരിസംഖ്യ നൽകണമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇത് പല ഘട്ടങ്ങളായോ ഒന്നിച്ചോ നൽകാം. ഇതു വഴി വർഷം അൻപത് കോടി വരെ സമാഹരിക്കാനാണ് ആലോചന. സ്ഥിരം പ്രവർത്തകർക്ക് ശമ്പളം നൽകുന്നതിനുൾപ്പടെ ഈ ഫണ്ട് വിനിയോഗിക്കും.
ഓരോ ജില്ലയിലേയും ഒരു പഞ്ചായത്തിൽ ഉടൻ യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കും. കെപിസിസി പ്രസിഡന്റിന്റെ ജില്ലയായ കണ്ണൂരിൽ 11 നിയോജകമണ്ഡലത്തിലും പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കും.
കോൺഗ്രസ് അനുഭാവികളുടേത് ഉൾപ്പടെ പട്ടിക യൂണിറ്റ് കമ്മിറ്റികൾ തയ്യാറാക്കും. മാസത്തിൽ രണ്ട് തവണ യൂണിറ്റ് കമ്മിറ്റികൾ ചേരുമെന്നാണ് നിർദ്ദേശം. സംസ്ഥന നേതാക്കൾ ഉൾപ്പടെ കഴിയുന്ന യോഗങ്ങളിൽ പങ്കെടുക്കണം. വീടുകളുമായുള്ള ബന്ധമാണ് സിപിഎമ്മിന്റെ അടിസ്ഥാനമെന്ന തിരിച്ചറിവിലാണ് വീട്ടുകളിലേക്ക് പാർട്ടി ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ചത്.
സഹകരണസംഘങ്ങളിലുൾപ്പടെ യൂണിറ്റ് കമ്മിറ്റികളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം ജോലി നൽകണമെന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ കെ സുധാകരൻ ഡിസിസി പ്രസിഡന്റുമാർക്ക് നൽകിക്കഴിഞ്ഞു.