തിരുവനന്തപുരം : കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനവേളയിൽ സദസിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച അവതാരകയുടെ അനൗൺസ്‌മെന്റ് മുഖ്യമന്ത്രി തടഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിശിഷ്ടാതിഥികളെ ക്ഷണിച്ച ശേഷം സദസിനോട് എഴുന്നേൽക്കാൻ അവതാരക അഭ്യർത്ഥിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
കൈവിളക്ക് പിടിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യമായ അനൗൺസ്‌മെന്റ് വേണ്ടെന്ന് അവതാരകയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ ഇതിനിടെ കുഴഞ്ഞത് സദസിലിരിക്കുന്നവരായിരുന്നു. എഴുന്നേൽക്കണോ നിൽക്കണോ എന്ന അശങ്കയിലായിരുന്നു അവർ. പിന്നാലെ എഴുന്നേൽക്കാൻ നിന്ന സദസിനോട് കൈകൊണ്ട് ഇരിക്കാനും ആഗ്യരൂപേണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിന് ശേഷം പ്രസംഗിച്ച് മടങ്ങിയ മുഖ്യമന്ത്രിയെ അനുഗമിക്കാൻ ശ്രമിച്ച വിശിഷ്ടാതിഥികളെയും അദ്ദേഹം തടഞ്ഞു.