റാന്നി : വൈദ്യുതി ലൈന്‍ ടച്ചിംഗ് വെട്ട് ജോലിക്കിടെ ഇരുമ്പു പൈപ്പില്‍ അരിവാള്‍ പിടിപ്പിച്ച തോട്ടി തലയില്‍ വീണ് വഴിയാത്രക്കാരന് പരിക്ക്. തലയോട്ടിയില്‍ ആഴത്തില്‍ മുറിവേറ്റ ആറാട്ടുമണ്‍ സ്വദേശി പുത്തന്‍പറമ്പില്‍ പി.ടി തോമസിനെ (സന്തോഷ്) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വൈദ്യുതി വകുപ്പും കരാറുകാരനും തിരിഞ്ഞു നോക്കാതായതോടെ നീതിതേടി തോമസിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. പെരുനാട് ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയത്.
കഴിഞ്ഞ 20 ന് ആറാട്ടുമണ്ണിന് സമീപമാണ് അപകടം. ടച്ചിംഗ് വെട്ട് ജോലിക്കിടെ അവിടെയിരുന്ന സ്വന്തം ബൈക്ക് നീക്കിവെയ്ക്കാന്‍ സന്തോഷിനോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്ക് നീക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈയില്‍ നിന്നും ഇരുമ്പു തോട്ടിയുടെ അരിവാള്‍ അബദ്ധത്തില്‍ സന്തോഷിന്റെ തലയില്‍ പതിക്കുകയും ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നെന്നാണ് പരാതി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച സന്തോഷ് അപകട നില തരണം ചെയ്തെങ്കിലും ദീര്‍ഘനാള്‍ ചികിത്സയിലും വിശ്രമത്തിലും കഴിയേണ്ട സ്ഥിതിയാണ്.
നിര്‍മ്മാണ തൊഴിലാളിയായ സന്തോഷ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തി വന്നയാളാണ്. തുടര്‍ ചികിത്സക്കോ ചിലവിനോ പണമില്ലാത്തതിനാല്‍ നീതി തേടി വൈദ്യുതി വിഭാഗം പെരുനാട് സെക്ഷന്‍ മേധാവി, ടച്ചിംങ് വെട്ട് കരാറുകാരന്‍ എന്നിവര്‍ക്കെതിരെ സന്തോഷിന്റെ പിതാവു എ.വി തോമസാണ് പരാതി നല്‍കിയിട്ടുള്ളത്.





























