വെളിയങ്കോട്: ബസ് നിർത്താത്തതിന്റെ പേരിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ യാത്രക്കാരൻ കെഎസ്‌ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. ഇന്നലെ 3ന് ആണ് സംഭവം. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു കെഎസ്‌ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് തകർത്തത്. യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ടൗൺ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരൻ റോഡരികിൽ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി. ഗുരുവായൂർ ഡിപ്പോയിലെ ബസാണ് എറിഞ്ഞോടച്ചത്.