കോന്നി : വർഷങ്ങളായി നിലച്ച തണ്ണിത്തോട് പഞ്ചായത്തിലെ കെഎസ്ആർറ്റിസി ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപെട്ട് സേവ് കെ എസ് ആർ റ്റി സി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തണ്ണിതോട്ടിൽ സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. കൺവെൻഷൻ മുതിർന്ന അംഗം ചെല്ലമ്മ ആശാട്ടി ഉത്ഘാടനം ചെയ്തു. ജയകൃഷ്ണൻ തണ്ണിത്തോട് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പൻ, ഷീജ സോമരാജൻ, ഫാ ജിബിൻ, ജിജി മാത്യു, അജിത് കറുകയിൽ, പി സി ഗോപാലകൃഷ്ണൻ, സജി കളയ്ക്കാട്ട്, വിജയൻ തുടങ്ങിയവർ സംസാരിച്ചു. സമര പ്രഖ്യാപന കൺവെൻഷന് മുന്നോടിയായി പഞ്ചായത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ അണിനിരത്തി റാലി നടത്തിയത് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് തണ്ണിതോട്ടിൽ സർവീസ് നടത്തികൊണ്ടിരുന്ന കെ എസ് ആർ റ്റി സി ബസുകൾ സർവീസ് നിർത്തി വെക്കുകയായിരുന്നു. പിന്നീട് മറ്റിടങ്ങളിൽ സർവീസ് പുനരാരംഭിച്ചിട്ടും തണ്ണിത്തോട് പഞ്ചായത്തിൽ കെ എസ് ആർ റ്റി സി സർവീസ് നടത്തിയില്ല. ഇതിന് ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ സമര പരിപാടികൾ നടത്തുകയും ജന പ്രതിനിധികൾക്കും കെ എസ് ആർ റ്റി സി അധികൃതർക്കും ഉൾപ്പെടെ നിവേദനം നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. ദീർഘദൂര ബസുകൾ അടക്കം സർവീസ് നിർത്തലാക്കിയത് തണ്ണിത്തോട് പഞ്ചായത്തിലെ വിദ്യാർഥികളെ ഉൾപ്പെടെ നിരവധി ആളുകളെ ആണ് ദുരിതത്തിലാക്കിയത്. ബന്ധപെട്ടവർക്ക് പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാതെ വന്നതിനെ തുടർന്ന് സേവ് കെ എസ് ആർ റ്റി സി എന്നപേരിൽ ജനങ്ങൾ ഒന്നടങ്കം സമരമുഖത്തേക്ക് ഇറങ്ങുകയായിരുന്നു.