കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും വികസന വിരോധത്തിനുമെതിരെ സിപിഐഎം നേതൃത്വത്തിൽ ഇന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന നടപടിയാണ് കോന്നി ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നതെന്നും അഴിമതി മുഖമുദ്രയായി മാറിയ യു.ഡി.എഫ് ഭരണസമിതി ജനങ്ങൾക്ക് ബാധ്യതയായി മാറുകയാണെന്നും കെ.പി.ഉദയഭാനു പറഞ്ഞു. നാടാകെ വികസനത്തിൽ കുതിക്കുമ്പോൾ കോന്നി മാത്രം കിതയ്ക്കാൻ കാരണക്കാരായവർ ജനങ്ങളോട് മറുപടി പറയണമെന്നും യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഐഎം നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ തുടർന്നും നടത്തുമെന്നും ഉദയഭാനു വ്യക്തമാക്കി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സുരേശൻ അധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി. രാജേഷ് കുമാർ, എം.എസ്.ഗോപിനാഥൻ, തുളസീമണിയമ്മ, കെ.ആർ.ജയൻ, ദീദുബാലൻ, ഗ്രാമ പഞ്ചായത്തംഗം കെ.ജി. ഉദയകുമാർ, എ.എസ്. ഷിജു എന്നിവർ സംസാരിച്ചു. മാരൂർപാലം ജംങ്ഷനിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ അഡ്വ. പേരൂർ സുനിൽ, നൂഹുമുഹമ്മദ്, അജയകുമാർ, അനീഷ്, ലൈജു വർഗീസ്, ഷാബുദ്ദീൻ, അനിത, കെ.റ്റി. സതീഷ്, രഘുനാഥ് മാമ്മൂട് തുടങ്ങിയവർ നേതൃത്വം നൽകി.