കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ. മുഹമ്മദ് റിയാസ് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്നത് മാറ്റമല്ല ‘നാറ്റ’മാണെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ലെന്ന് റിയാസ് ഓർമ്മിപ്പിച്ചു. അന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് മുൻകൂട്ടി കണ്ട് അധിക വൈദ്യുതി വാങ്ങിയതിലൂടെ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പവർകട്ട് വീണ്ടും തിരിച്ചുവന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ മേഖലയിലെ പോരായ്മകളെയും അദ്ദേഹം വിമർശിച്ചു. സർക്കാർ ആശുപത്രിയിൽ ടോർച്ച് വെളിച്ചത്തിൽ സർജറി നടത്തേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇതിനോടുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ മറുപടി വിചിത്രമാണെന്നും റിയാസ് പറഞ്ഞു. “കറണ്ട് വന്നിട്ട് സർജറി നടത്തിയാൽ പോരേ” എന്ന മന്ത്രിയുടെ ചോദ്യം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയ്ക്ക് ആവേശകരമായ തുടക്കം. തേമ്പാമൂട് ഹക്ക് മുഹമ്മദ്, മിഥിലാജ് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച ജാഥ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.






























