കൊച്ചി: വൈറ്റില അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡി-സി സംവിധാനം അനിവാര്യമെന്നാണ് ഡ്രൈവര്‍മാരുടെ വാദം. എന്നാല്‍ ക്രൂ ചെഞ്ചിംഗ് സംവിധാനം നടപ്പാക്കാനാണ് കോര്‍പറേഷന്‍ തിരുമാനം. സംസ്ഥാനത്തെ നാലിടങ്ങളില്‍ ക്രൂചേഞ്ചിംഗ് ഇന്നലെ തുടങ്ങി.
ഡ്രൈവര്‍ മരിക്കുകയും 25 ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വൈറ്റില അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം ജോലിഭാരമെന്ന ഉറച്ച അഭിപ്രായമാണ് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കുളളത്. ദീര്‍ഘദൂര ബസ്സുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലെ കാരണവും ഇത് തന്നെ. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തില്‍ ഒരാള്‍ക്ക് ക്ഷീണമനുഭവപ്പെട്ടാല്‍ രണ്ടാമത്തെ ആള്‍ക്ക് വാഹനമോടിക്കാം.
2016ല്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ഈ പരിഷ്കാരം പ്രതിസന്ധിയിലായത്. ജിവനക്കാരെ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്നായിരുന്നു വിധി. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എട്ടു മണിക്കൂര്‍ ജോലി നിജപ്പെടുത്തുന്ന ക്രൂ ചേഞ്ചിംഗിലേക്ക് മാറുന്നതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.