അങ്കമാലി: ശമ്പളം വൈകുന്നതിനെതിരെ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം. ബിഎംസിന്‍റെ നേതൃത്വത്തിൽ അങ്കമാലി ഡിപ്പോയിലാണ് പ്രതിഷേധം നടന്നത്. ‘തങ്ങൾ പിച്ചച്ചട്ടി എടുത്ത് ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്തമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കോർപ്പറേഷന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നെന്നും ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. സർക്കാരിൽ നിന്നും സഹായമായി ലഭിച്ച 30 കോടിയിൽ നിന്നും ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതിയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിരിക്കുന്നത്. സർക്കാർ സഹായം കൂടാതെ തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്.