കോഴിക്കോട് : ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസുകള്‍ സ്കൂള്‍ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തിനു സാങ്കേതിക തടസങ്ങളേറെ. കെ.ഇ.ആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ തീരുമാനം. മേല്‍ കൂരയായി അസ്ബറ്റോസ് ഷീറ്റുകള്‍ പോലും പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഇറക്കിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ ബസിനുള്ളില്‍ ക്ലാസ് മുറികള്‍ ഒരുക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. കെ.ഇ.ആര്‍ ചട്ട പ്രകാരം എല്‍.പി സ്കൂളുകള്‍ 20 അടി വീതിയും 18 അടി നീളവും 10 അടി ഉയരവും വേണം. യു.പി, ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് 20 അടി നീളവും , 20 അടി വീതിയും 13 അടി നീളവും വേണം. ഈ മാനദണ്ഡങ്ങള്‍ പ്രകാരം ബസില്‍ ക്ലാസ് ഒരുക്കല്‍ അസാധ്യമാണ്.
ഈ മാസം ഏഴാം തിയതി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ അസ്ബറ്റോസ് ഷീറ്റ് മേല്‍ക്കൂര മാറ്റണമെന്ന് പ്രത്യേകം പറയുന്നു. ഈ വേളയിലാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിമര്‍ശത്തിനിടയാക്കുന്നത്. കെ.ഇ.ആര്‍ ചട്ടം ഭേദഗതി ചെയുകയോ പ്രത്യേക ഉത്തരവിറക്കുകയോ ചെയ്താല്‍ മാത്രമെ ബസിലെ ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമാകൂ.